യെമനിൽ തിക്കിലും തിരക്കിലും പെട്ട് ധനസഹായം വാങ്ങാനെത്തിയ 85 പേർ മരിച്ചു
യെമനിലെ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് വ്യാഴാഴ്ച ഏകദേശം 85 പേർ കൊല്ലപ്പെട്ടു. മുസ്ലിങ്ങളുടെ പുണ്യമാസമായ റംസാൻ അവസാനിക്കാനിക്കിരിക്കേ വ്യാപാരികൾ ധനസഹായം നൽകുന്നുവെന്നറിഞ്ഞ് വാങ്ങാനായി എത്തിയവരായിരുന്നു ഇവർ. നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു.
ധനസഹായം സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗരത്തിലെ സ്കൂളിൽ തിങ്ങിക്കൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഹൂതികൾ സേനയിലെ ഉദ്യോഗസ്ഥർ വായുവിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതൊരു ഇലക്ട്രിക്കൽ വയറിൽ തട്ടി, പൊട്ടിത്തെറിക്കുകയും കാത്തുനിന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. 5,000 യെമൻ റിയാൽ അല്ലെങ്കിൽ ഒരാൾക്ക് ഏകദേശം 740 ഇന്ത്യൻ രൂപയായിരുന്നു സഹായമായി നൽകിയിരുന്നത്.
ധനസഹായം നടത്തിയ രണ്ട് വ്യാപാരികൾ നിലവിൽ കസ്റ്റഡിയിലാണെന്നും അന്വേഷണം നടക്കുകയായണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാന്റെ സഹായത്തോടെയുള്ള ഷിയാ തീവ്രവാദ സംഘടനയായ ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമൻ. അവരുടെ ടിവി ചാനലായ അൽ മസീറയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായ രാജ്യത്തെ ജനങ്ങൾ പണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്. 2015ലാണ് യെമനിലെ സർക്കാരിനെ പുറത്താക്കി ഹൂതി വിമതർ രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുന്നത്.