ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ
ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 2 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക് തലവനായി അജയ് ബംഗയെ നിർദേശിച്ചത്. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ജൂൺ രണ്ടിന് സ്ഥാനമൊഴിയുന്ന ഡേവിഡ് മാൽപാസിൽ നിന്ന് അദ്ദേഹം ചുമതലയേൽക്കും.
അജയ് ബംഗയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ജോ ബൈഡന്‍ ഈ ഘട്ടത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്നും പറഞ്ഞു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ബാങ്ക് എന്നീ രണ്ട് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ തലവനാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനാണ് ബംഗ.
നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനായ അജയ് ബംഗ, 1980-കളുടെ തുടക്കത്തിൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് നെസ്ലെയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് പെപ്സികോയുടെ ഭാഗമായി. ഐഐഎം അഹമ്മദാബാദിലെ പൂര്‍വ വിദ്യാര്‍ഥിയാണ് അജയ് ബംഗ. 2010 മുതൽ 2021 വരെ ഒരു ദശാബ്ദത്തിലേറെ മാസ്റ്റർകാർഡിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ച ബംഗ, അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ് എന്നിവയുടെ ബോർഡ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.