അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ജോ ബൈഡൻ
2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് നിലവിലെ പ്രസിഡന്റ് കൂടിയായ ബൈഡൻ തിരഞ്ഞെടുപ്പ് ക്യാംപയിൻ ആരംഭിച്ചത്. ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ താൻ തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ നാല് വർഷം കൂടി സമയം നൽകണമെന്ന് ഡെമോക്രാറ്റ് നേതാവ് ആവശ്യപ്പെട്ടു. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് സ്ഥാനാർഥിയെന്ന ബൈഡന്റെ തന്നെ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമേരിക്കൻ ജനാധിപത്യത്തെ പ്രതിരോധിക്കുകയെന്നത് തന്റെ കടമയാണെന്ന് ബൈഡൻ പറയുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ പ്രതിസ്ഥാനത്തുള്ള ക്യാപിറ്റോൾ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിച്ചത്.