ഉഷ്ണതരംഗം ലോകമെങ്ങും ബാധിച്ചു വരികയാണെന്ന് യുഎൻ കാലാവസ്ഥ റിപ്പോർട്ട്
ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതിൽ ബാധിച്ചു വരികയാണെന്നും യുഎൻ കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നത് ആഗോള തലത്തില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിപ്പിച്ചതായി ലോക കാലാവസ്ഥ സംഘടനയുടെ (ഡബ്ല്യു എം ഒ ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ സമൂഹത്തെ സാരമായി ബാധിക്കുകയും കോടിക്കണക്കിന് തുക ചെലവാക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നതായും ചില യൂറോപ്യന്‍ ഹിമാനികള്‍ ഉരുകുന്നത് അപ്രതീക്ഷിതമായ നിലയില്‍ എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2022ലെ കിഴക്കന്‍ ആഫ്രിക്കയിലുണ്ടായ തുടര്‍ച്ചയായ വരള്‍ച്ചയും പാക്കിസ്ഥാനിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത മഴയും ചൈനയിലേയും യൂറോപ്പിലേയും കടുത്ത ഉഷ്ണതരംഗങ്ങളും ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും വന്‍തോതിലുള്ള കുടിയേറ്റത്തിനും ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടങ്ങളും നാശങ്ങൾക്കും കാരണമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2022ല്‍ ഇന്ത്യയിൽ മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുകയും പതിവിലും വൈകി അവസാനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും മണ്‍സൂണിന് മുമ്പുള്ള മാസങ്ങളില്‍ പതിവിലും ചൂട് അനുഭവപ്പെടുകയുണ്ടായി. കടുത്ത ചൂട് രാജ്യത്തെ ധാന്യവിളവ് കുറയുന്നതിലേയ്ക്ക് നയിച്ചു.