നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്ന 'പെണ്ണും പൊറാട്ടും' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജേഷ് മാധവൻ. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടൻ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.
എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്റെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. കോമഡി ഡ്രാമ എന്റർടെയിനറാകും ചിത്രമെന്ന ഉറപ്പും സംവിധായകൻ നൽകിയിട്ടുണ്ട്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ച രാജേഷ് മാധവൻ ഒടുവിൽ സംവിധായക വേഷത്തിൽ എത്തുകയാണ്.