വഴിതിരിയുന്നയിടങ്ങൾ - പി.എസ്.വിജയകുമാർ

പി.എസ്.വിജയകുമാർ 28-Aug-2022

ചില ഓർമ്മകളുടെ ഭാരങ്ങൾ, പ്രാചീനഗന്ധങ്ങൾ, മനസ്സിനെ മഥിക്കുന്ന അനുഭൂതികൾ, രുചികൾ, നനവുകൾ, ഇതെല്ലാം സംഗീതയുടെ കവിതകളെ പിന്തുടരുന്നുണ്ട്. 


എന്റെ ഇഷ്ടപുസ്തകങ്ങൾ  

'ഉടൽ ചരടിനെ മറന്ന പട്ടമാണ് / ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത് / വ്യാകരണനിയമങ്ങൾ ലംഘിച്ചുതുടങ്ങും', 'വെയിലിറക്കങ്ങളിൽ ഒരു ഉടൽ' എന്ന കവിതയിൽ സംഗീത പറയുന്നുണ്ട്. എഴുതിയ കവിതകളും വരയ്ക്കാത്ത ചിത്രങ്ങളും ആൾക്കൈയെത്താത്ത പൊത്തുകളിൽ ചുരുട്ടിവെച്ചതിൽനിന്നുള്ള വീണ്ടെടുപ്പാണ് സംഗീതയ്ക്ക് കവിതയെഴുത്ത് എന്നുവരുന്നു.

ഡോ.സംഗീത ചേനംപുല്ലിയുടെ 'കവിത വഴിതിരിയുന്ന വളവുകളിൽ' എന്ന സമാഹാരത്തിലെ കവിതകൾക്ക് രണ്ടുതരം രാഷ്ട്രീയമാനങ്ങളുണ്ട്. രണ്ടുതരത്തിലാണത് സംഭവിക്കുന്നത്. പെണ്ണവസ്ഥകളുടെ രാഷ്ട്രീയമാണ് ഒന്ന്. രണ്ടാമത്തേത്, സ്ത്രീകാഴ്ചയിലൂടെ കാണുന്ന രാഷ്ട്രീയപരിസരമാണ്. കാലംതെറ്റിയ വസന്തത്തിൻറെ വരവായി കവിയിവിടെ പെൺബോദ്ധ്യത്തെ അറിയുന്നുണ്ട്. ഇരയാക്കപ്പെടുന്ന സ്ത്രീ കടന്നുപോയ വഴികളെ ചില അടയാളങ്ങളിലൂടെ തിരിച്ചറിയുന്നു കവി 'ഒരു പെൺകുട്ടിക്കഥ' എന്ന കവിതയിൽ. പാടത്തിൻറെ നടുവിലവളഴിച്ചുവിട്ട അലഞ്ഞുനടക്കുന്ന ശബ്ദങ്ങളിൽ, അവൾ ചവിട്ടിപ്പോയ തൊട്ടാവാടിയുടെ മെല്ലെയുള്ള ഇലനീർത്തലിൽ, ഉച്ചച്ചൂടിൽ പൊന്തുന്ന അവളുടെ ഉടലിൻറെ മണങ്ങളിൽ, അവളുടെ കാൽച്ചൂടേറ്റ തോട്ടുവെള്ളത്തിൻറെ തിളച്ചുപൊന്തലിൽ, ചവിട്ടിയരക്കപ്പെട്ട അവളുടെ ജീവിതശേഷിപ്പുകൾ കാണാം. ചില്ലോടുകളിലൂടെ കാണുന്ന പെൺകാഴ്‌ചയുണ്ട്. മഴക്കാലത്തിൻറെ കുത്തൊഴുക്കുകളിൽ കടൽത്തിരപോലെ വളർന്നുപുളഞ്ഞ്. വേനലിൽ അടുക്കളപ്പുകയുടെ തുള്ളിയും തെന്നിയും കരണംമറിഞ്ഞുമുള്ള മറികടക്കലുകൾ. ഇങ്ങനെയൊരു വിസ്തൃതിയിലേക്കുള്ള പെൺപറത്തം തന്നെയാണ് 'കഥയില്ലാത്ത ചോദ്യങ്ങൾ'. സെക്കൻറ് ഷോയ്ക്ക്, രാത്രിക്കടലിലേക്ക്, വെക്കാതെയുണ്ണുന്ന തീന്മേശകളിലേക്ക്, ഉടൽ തിരയുന്ന ആനന്ദങ്ങളിലേക്ക്, പറന്നുപോകുന്ന പെൺഭൂതത്തിലേക്കുള്ള പറത്തമാണത്. എന്താണു വേണ്ടതെന്നു പറയാൻ നീയും, എന്താണു വേണ്ടതെന്നറിയാത്തവരും പഠിക്കാത്ത ഒരു പെൺകാലത്തേയ്ക്ക് മറ്റൊരിടത്തു കവി ചൂണ്ടുന്നുണ്ട്. 'നിൻറെ രക്തം ഏത് അത്താഴവിരുന്നിന് വീഞ്ഞെ'ന്ന നടുക്കം 'മകൾക്ക്' എന്ന കവിതയിൽ മുഴങ്ങുന്നു. എന്നാൽ, ആഴങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു കുതിപ്പ് 'നീന്തൽ' എന്ന കവിതയിൽ കാണാൻ കഴിയും. താനേ അടഞ്ഞുപോയ വാതിലുള്ള കൂട്, നിസ്സഹായതയുടെ കൂടാണെന്ന് തിരിച്ചറിഞ്ഞ്, തകർക്കാനുള്ള ശ്രമമുണ്ട് 'കെണി'യിലെത്തുമ്പോൾ. തുറസ്സിലേക്കിറങ്ങിയുള്ള പെൺനടപ്പിൻറെ പാഠം 'വീട്ടിലും പുറത്തും' എന്ന കവിതയിലും കാണാം. 'വാക്കിൻറെ ശൂന്യതയിൽ മുനിഞ്ഞിരിപ്പെങ്കിലും, / ഇപ്പോൾ ഞാനൊരു മാറ്റൊലിയല്ല.' എന്ന് 'ശുകപുരാണ'ത്തിൽ ഉറപ്പിക്കുന്നതും കാണാം. പെൺകുതിപ്പിൻറെ തുറന്നെഴുത്ത് കവിതയെത്തന്നെ കവച്ചുകടക്കലാവുന്നുണ്ട് സംഗീത, 'രക്തസാക്ഷ്യം', 'അടുക്കള ഒരു വിയോജനക്കുറിപ്പ്' എന്നീ കവിതകളിലേയ്‌ക്കെത്തുമ്പോൾ. 

ഈ കവച്ചുകടക്കൽ, തുറന്ന രാഷ്ട്രീയപരിസരത്തിലേയ്ക്കുള്ള കവിവഴിയാവുന്നുണ്ട്. അതുകൊണ്ടാണ്, 'ചൂടേറ്റ എൻറെ കാട്ടുകടന്നലുകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നു' എന്നു കവിയ്ക്ക് 'പലായനത്തിൻറെ അടരുകളിൽ നമ്മൾ' എന്ന കവിതയിൽ പറയാനാവുന്നത്. 'സ്വാതന്ത്ര്യത്തിന് സ്വയം തിരുത്തുന്ന കവിതയാകാമെന്ന്', 'സ്വാതന്ത്ര്യാനന്തര ചിന്തകളിൽ' കവി പറയുന്നു. ഉടലിനെ വളച്ചെടുക്കുന്നതിൽനിന്നുമുള്ള തിരുത്തൽ 'ഞാൻ എന്നെത്തന്നെ നോക്കുന്നു' എന്ന കവിതയിൽ കാണാം. 'കൊണ്ട കാറ്റിൻറെ മൂളൽ', 'കുളിച്ച നദികളുടെ വിലാപങ്ങൾ', 'കല്ലുകളുടെ മേൽവിലാസം' എന്ന കവിത തിരഞ്ഞുപോകുന്നു. 'ചോര വഴുക്കുന്ന വാക്ക്', 'പച്ചയിറച്ചി വേവുന്ന ചൂര്' - ധർമ്മരാജ്യത്തിൻറെ മറവിൽ കാഴ്ചയിലേക്ക് 'ഒരു പേരിൻറെ പേരിൽ' എന്ന കവിത കൊണ്ടുപോകുന്നു.'മരിച്ച വിത്തുകളെ വിളിച്ചുണർത്തുന്ന ജീവൻറെ പാട്ട്', 'പാഠഭേദ'ത്തിൽ വിതുർത്തിടുന്നതുകാണാം കവി. അതിൻറെ തുടർച്ചപോലെ, ചോരപുരട്ടിയ താളിലെ കവിതയുടെ നിലവിളിയിൽനിന്നും എരിഞ്ഞുതീരാത്ത നക്ഷത്രങ്ങളിലേക്ക് പതിച്ച കറുത്ത അക്ഷരങ്ങളായി രോഹിത് വെമുലയെ 'കറുത്ത സൂര്യനി'ൽ കവി കാണുന്നു. 'ഒന്നിൽനിന്ന് പലതായി വിരിയുന്ന വാക്കുകളുടെ കണക്ക്' കൊലയാളികൾക്ക് തെറ്റിപ്പോവുകതന്നെ ചെയ്യുമെന്ന് കവി കുറിയ്ക്കുന്നു. 'ഏതു മാന്ത്രികവടിയാലാണ് ഒരു ജനതയെയാകെ വാമനരാക്കിയത്' എന്ന് പ്രധിരോധങ്ങളൊക്കെ വറ്റിപ്പോകുന്ന കാലത്തിനുനേരെ 'ലില്ലിപ്പുട്ട്'ൽ ചൂണ്ടുന്നതും കാണാം.

ഈ രാഷ്ട്രീയവായനകളിൽ കവിയെ നിറയെ കറുപ്പുകൾ വന്നു ചൂഴുന്നതുകാണാം. സമാഹാരത്തിലെ, ഇതേപേരിലുള്ള ആദ്യകവിത തുടങ്ങുന്നതുതന്നെ, 'ഇരുട്ടുപുതച്ചൊരു കാട്ടുപൊന്തയിൽ' നിന്നാണ്. പുകമൂടിയ അടുക്കള പല കവിതകളിലും കാണാം. കിതക്കുന്നു നിഴൽ, നിഴലൊളിക്കുന്നു, നരച്ച പതിവുകൾ, പതുങ്ങി നിൽക്കുന്ന പ്രാചീനഗന്ധങ്ങൾ, മുഴങ്ങുന്ന ചുമരുകളിൽ ഇടംതേടുന്ന ഇരുട്ട്, വെയിൽ തൊടാത്ത ഇരുൾമൂലകൾ, വെയിൽപ്പാടുകളുടെ ഇരുളിച്ച, നിസ്സഹായതയുടെ കൂട്, മരക്കൊമ്പിൽ തൂക്കിയിട്ട നരച്ച ഇരുട്ട്, മരണം കറുപ്പിക്കുന്ന മുറി, ബാക്കിനിറുത്തിയ ഇരുട്ട്, മൗനത്തിൻറെ ഒളിയിടങ്ങൾ, രാവിരുട്ടിൽ വെള്ളിനൂൽ പാകും മിന്നൽ (ഇവിടെ 'രാവിൽ വെള്ളിനൂൽ പാകും' എന്നല്ല 'രാവിരുട്ട്' എന്നുറപ്പിക്കുന്നു.), തണുപ്പരിക്കുന്ന രാത്രി, രോഹിത് വെമുലക്കായി കുറിച്ച കവിതയുടെ പേരുതന്നെ 'കറുത്ത സൂര്യൻ' എന്നാണ്. 'പൊടി നിറവിൽ', 'വരളുകയാണ്, ഇരുളുകയാണ്, മറയുകയാണ് കാലം' എന്നു പറഞ്ഞുവെക്കുകയും ചെയ്യുന്നു കവി. പ്രഭാതയാത്രക്കിടയിലോ, എപ്പോഴുമോ, എത്തുന്ന ലോകത്തെയാകെ നിശ്ശബ്ദമാക്കുന്ന 'വലിയ ഇരുട്ടും' കവി കാണുന്നു. നിഴൽസഞ്ചാരത്തെക്കുറിച്ചുതന്നെ കവി 'സഹജീവിത'ത്തിലും എഴുതുന്നുണ്ട്. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇരുട്ട്, ഈ കാലത്തിൻറെ അടയാളമായി, കവിതകളിലുടനീളം കവിയെ വന്നു പൊതിഞ്ഞുനിൽക്കുന്നതു കാണാം. 

ഒപ്പംതന്നെ ചില ഓർമ്മകളുടെ ഭാരങ്ങൾ, പ്രാചീനഗന്ധങ്ങൾ, മനസ്സിനെ മഥിക്കുന്ന അനുഭൂതികൾ, രുചികൾ, നനവുകൾ, ഇതെല്ലാം സംഗീതയുടെ കവിതകളെ പിന്തുടരുന്നുണ്ട്. ഇങ്ങനെ മനസ്സൊട്ടിയ ഓർമ്മകളിലെ പൂർവ്വഭാരങ്ങൾ കോമ, സ്മരണമുറി, വീട്ടിലും പുറത്തും എന്നീ കവിതകളിൽ കാണാം. 'ഓർമയുടെ നങ്കൂരങ്ങൾ' തുടങ്ങിയുള്ള കവിതകളിൽ ഗന്ധങ്ങൾ കടന്നുവരുന്നുണ്ട്. നിന്നിലേക്ക് ചില ജനൽവഴികൾ, നനവ് വരൾച്ചയെ തൊടുമ്പോൾ, എന്നെങ്കിലും, തുടങ്ങിയുള്ള കവിതകൾ അനുഭൂതികളുടെ ആഴം പേറുന്നവയാണ്.

'ഉടൽ ചരടിനെ മറന്ന പട്ടമാണ് / ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത് / വ്യാകരണനിയമങ്ങൾ ലംഘിച്ചുതുടങ്ങും', 'വെയിലിറക്കങ്ങളിൽ ഒരു ഉടൽ' എന്ന കവിതയിൽ സംഗീത പറയുന്നുണ്ട്. എഴുതിയ കവിതകളും വരയ്ക്കാത്ത ചിത്രങ്ങളും ആൾക്കൈയെത്താത്ത പൊത്തുകളിൽ ചുരുട്ടിവെച്ചതിൽനിന്നുള്ള വീണ്ടെടുപ്പാണ് സംഗീതയ്ക്ക് കവിതയെഴുത്ത് എന്നുവരുന്നു. 'വാക്കിൻറെ മേൽവിലാസം' എന്ന കവിത, എന്തിനൊപ്പം കവിത നിൽക്കണം എന്ന അന്വേഷണം കൂടിയാവുന്നുണ്ട്. ഇവിടെയാണ്, കവിത വഴിതിരിയുന്ന വളവുകളിലേക്കുള്ള അന്വേഷണമുണ്ടാവുന്നത്. കവിത ഒരു നില്പ്പല്ല സംഗീതയ്ക്ക്. വളവുകളിലേക്കുള്ള തിരഞ്ഞുപോക്കാണ്. ഏതോ കിളികളുടെ കളകളാരവമെന്നു പകർത്താനുള്ളതല്ല കവിത, കവിയ്ക്ക്. വളവുതിരിയുന്നിടത്തുനിന്നാണ്, വാൽകുലുക്കി വിനയുടെ വരവറിയിക്കുന്ന ചപ്പിലക്കിളികളാണെന്ന തിരിച്ചറിവാവുന്നത്. അതായത്, ഓരോ കവിതയും ഒറ്റക്കാഴ്ചയിൽ പറഞ്ഞുതീരാനുള്ളതല്ല ഈ കവിയ്ക്ക്. ഏതേതൊക്കെയോ വളവുകളിൽനിന്നും, തിരിവുകളിൽനിന്നും, ആൾക്കൈയെത്താത്ത പൊത്തുകളിൽനിന്നും തുരന്നെടുക്കാനുള്ളതാണ്. ആ പരിശ്രമമാണ് 'കവിത വഴിതിരിയുന്ന വളവുകളിൽ' എന്ന സമാഹാരത്തിലെ അൻപത്തിയഞ്ചു കവിതകളിലൂടെ സംഗീത ചേനംപുല്ലി എന്ന കവി നടത്തുന്നത്.


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.