കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു
പ്രശസ്ത എഴുത്തുകാരൻ ടി പി രാജീവൻ (63) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
1959-ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ ആയി.
ജന്മനാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിൻറെ കഥ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്നത്. രണ്ടു നോവലുകളും സിനിമയായിട്ടുണ്ട്.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്.
വാതിൽ, രാഷ്ട്രതന്ത്രം,കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, പുറപ്പെട്ടു പോകുന്ന വാക്ക്, അതേ ആകാശം അതേ ഭൂമി, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിൻറെ കഥ , കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും, He Who Was Gone Thus, Kannaki, Third world - post socialist poetry എന്നിവയാണ് പ്രധാന കൃതികൾ.
2008-ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം (2014) ലഭിച്ചിട്ടുണ്ട്.
ഭാര്യ: സാധന. മക്കൾ: ശ്രീദേവി, പാർവ്വതി. മരുമകൻ: ശ്യാം സുധാകർ