നോബൽ ജേതാവ് കെൻസാബുറോ ഒയി അന്തരിച്ചു
നോബൽ സമ്മാന ജേതാവായ ജാപ്പനീസ് എഴുത്തുകാരൻ കെൻസാബുറോ ഒയി അന്തരിച്ചു. 88 വയസായിരുന്നു. മാർച്ച് 3നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് അധികൃതർ ഇന്നലെ അറിയിക്കുകയായിരുന്നു. ആണവായുധങ്ങൾക്കെതിരെ തന്റെ എഴുത്തിലൂടെ നിരന്തരം ശബ്‌ദിച്ച ഒയിക്ക് 1994ലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്.
ജാപ്പനീസ് സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഓയി നോവലുകളും, ചെറുകഥകളും കൂടാതെ സാമൂഹിക വിഷയങ്ങളെ അധികരിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളിൽ അമേരിക്കൻ, ഫ്രഞ്ച് സാഹിത്യ നിദർശനങ്ങളുടെ സ്വാധീനം പ്രകടമാണ്. ജാപ്പനീസ് സാംസ്ക്കാരിക പാരമ്പര്യത്തിന്റെ സ്പർശം അനുഭവിപ്പിയ്ക്കുന്ന പഴയ തലമുറ എഴുത്തുകാരിലെ അവസാനത്തെ കണ്ണിയായിരുന്നു ഒയി. ജാപ്പാന്റെ ആധുനികവും പുരാതനവുമായ സംഭവഗതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൃതികൾ.
1935 ജനുവരി 31ന് ഷികോകുവിൽ ജനിച്ച ഒയി ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫ്രഞ്ച് സാഹിത്യമാണ് പഠിച്ചത്. പഠനകാലയളവിൽ തന്നെ കഥകൾ പ്രസിദ്ധീകരിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. നാഗസാക്കി, ഹിരോഷിമ എന്നിവടങ്ങിലെ അണുബോംബ് പതനമടക്കമുള്ളവ അദ്ദേഹത്തിന്റെ കഥകളിൽ പ്രത്യക്ഷപ്പെട്ടു. 2011ൽ ഫുകുഷിമ ആണവ ദുരന്തമുണ്ടായപ്പോഴും സമൂഹത്തിനായി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു.
സംവിധായകൻ യൂസോ ഇറ്റാമിയുടെ സഹോദരി യുകാരിയാണ് ഒയിയുടെ ഭാര്യ. മൂന്ന് മക്കളുണ്ട്. കെൻസാബുറോ തന്റെ ബുദ്ധിവൈകല്യമുള്ള പുത്രനായ ഹികാരിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ മിക്കകൃതികളിലും പങ്കുവയ്ക്കുന്നുണ്ട്