സംസ്ഥാന ബജറ്റ്; കേരളത്തിൽ ഭൂമി വില കൂടും
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. പുതിയ ബജറ്റ് വന്നതോടെ ഭൂമി വില കൂടും. ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഫ്‌ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്ര വില കൂട്ടി, 7% ൽ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. ഇതോടെ ഫ്‌ളാറ്റുകളുടെ വിലയും കൂടും.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010-ൽ നിലവിൽ വന്നു. അതിനുശേഷം ഇത് അഞ്ച് തവണ പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാൻ വേണ്ടി നിലവിലുള്ള ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞു.
വിവിധ കാരണങ്ങളാൽ വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായവില 30% വരെ വർധിപ്പിക്കുന്നതിനായി 2020-ൽ ഫിനാൻസ് ആക്റ്റിലൂടെ നിയമ നിർമ്മാണം നടപ്പിലാക്കിയ സാഹചര്യത്തിൽ, അത് പ്രകാരം വർധനവ് വരുത്തേണ്ട മേഖലകളെ നിർണ്ണയിക്കുന്നതിനായി വിശദമായ പഠനം നടത്തി മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നുപോയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കേരളം വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. വെല്ലുവിളികളെ ധീരമായി അതിജീവിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വര്‍ധിച്ചുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.