പ്രഥമ കതിർ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന് സമ്മാനിച്ചു
പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലിന് ലഭിച്ചു. മാർച്ച് 18ന് വൈകിട്ട് 6.30ന് പൂക്കോട്ടുംപാടം കതിർ ഫാമിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്ര–നാടകനടി നിലമ്പൂർ ആയിഷയാണ് പുരസ്‌കാരം സമ്മാനിച്ചത്. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങൾക്കിടയിൽ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.