കെ-ഫോണ്‍ പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു. ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും ഒരുക്കുമെന്നും കെ ഫോൺ അറിയിച്ചിട്ടുണ്ട്.