ബിഹാറിൽ നായ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി; ആധാർ കാർഡും ഹാജരാക്കി
ബിഹാറിലെ ഗയയിൽ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി ‘ടോമി’ എന്ന നായ!. നായയ്ക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ അപേക്ഷ ലഭിച്ചതോടെ ഉദ്യോഗസ്ഥർ കുഴങ്ങി. ഈ നായയ്ക്ക് സ്വന്തമായി ആധാർ കാർഡും ഉണ്ടെന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ആധാർ കാർഡിൽ നായയുടെ ചിത്രവും എല്ലാ ഡീറ്റയിൽസും രേഖപ്പെടുത്തിയിട്ടുണ്ട്.
ടോമിയുടെ ആധാർ കാർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഫോൺ നമ്പർ ട്രൂകോളറിൽ നോക്കിയപ്പോൾ രാജ ബാബു എന്നയാളുടെ പേര് വിവരങ്ങളാണ് കാണിക്കുന്നതെന്ന് ഗുരാരു ബ്ലോക്ക് സർക്കിൾ ഓഫീസർ സഞ്ജീവ് കുമാർ ത്രിവേദി പറയുന്നു. ഉദ്യോഗസ്ഥർ ഈ അപേക്ഷ നിരസിച്ചിട്ടുണ്ട്. ഈ വ്യാജ ആപ്ലിക്കേഷൻ പിന്നിലുള്ളയാളെ പിടികൂടാൻ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ടോമിയുടെ ജനനത്തീയതി 2022 ഏപ്രിൽ 14 ആണ്. ടോമിയുടെ അച്ഛന്റെ പേര് ഷെറു എന്നും അമ്മയുടെ പേര് ജിന്നി എന്നുമാണ്. ഗ്രാമം; പാണ്ഡേപോഖർ, പഞ്ചായത്ത്; റൗണ, വാർഡ് നമ്പർ; 13, പൊലീസ് സ്റ്റേഷൻ; കോഞ്ച് എന്നിങ്ങനെയാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ആധാർ സാധാരണക്കാരന്റെ അവകാശം എന്ന ആധാറിലെ വാക്യത്തിന് പകരമായി “ആധാർ – ആം കുത്ത കാ അധികാർ” എന്നാണ് എഴുതിയിരിക്കുന്നത്.