റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ എ എഫ് പിയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.
കിഴക്കൻ യുക്രെയ്നിലെ ബാഖ്‌മൂത് നഗരത്തിന് സമീപം റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ഫ്രാൻസ്-പ്രസ്സിന്റെ വീഡിയോ ജേണലിസ്റ്റായ അർമൻ സോൾഡിൻ ആണ് ഗ്രേഡ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് എ എഫ് പി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അർമൻ സോൾഡിനോടൊപ്പംനാല് സഹപ്രവർത്തകരും അപകടസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും മറ്റാർക്കും പരിക്കേറ്റിട്ടില്ല. യുക്രെയ്ൻ സൈന്യത്തോടൊപ്പമാണ് റിപ്പോർട്ടിങ് ടീം ഉണ്ടായിരുന്നത്. ബോസ്നിയൻ വംശജനും ഫ്രഞ്ച് പൗരനുമായ സോൾഡിൻ സ്ഥിരമായി യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് ജോലി ചെയ്തിരുന്ന, പരിചയസമ്പന്നനായ റിപ്പോർട്ടറായിരുന്നുവെന്ന് വാർത്താ ഏജൻസി പറഞ്ഞു.
2022 സെപ്തംബർ മുതൽ യുക്രെയ്നിൽ എഎഫ്‌പിയുടെ വീഡിയോ കോർഡിനേറ്ററാണ് സോൾഡിൻ. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നിലെത്തിയ ഏജൻസിയുടെ ആദ്യത്തെ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. യുക്രെയ്നിലെ റിപ്പോർട്ടിങ് അനുഭവങ്ങൾ സോൾഡിൻ ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്.