മാര്‍ക്വേസിന്റെ അപ്രകാശിത നോവല്‍ അടുത്ത വർഷം പുറത്തിറങ്ങും
ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ അപ്രകാശിത നോവൽ See Each Other In August' അടുത്ത വർഷം പുറത്തിറങ്ങും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം ഒന്‍പത് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. 2014ലാണ് മാര്‍ക്വേസ് അന്തരിച്ചത്. പ്രധാനമായും അഞ്ച് ഭാഗങ്ങളുള്ള പുസ്തകത്തിന് 150 പേജുകളുണ്ടെന്നാണ് പ്രഥമിക നിഗമനം.
പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ക്വേസിന്റെ മരണ ശേഷം പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. തുടര്‍ന്ന് കുടുംബം നിലപാട് മാറ്റുകയായിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരുള്ള മാര്‍ക്വേസിന്റെ പുസ്തകം പ്രസിദ്ധീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.
ഈ കൃതി പ്രസിദ്ധീകരിക്കാതെ പോവുകയാണെങ്കില്‍ അത് വായനാ ലോകത്തിന് തീരാ നഷ്ടമായിരിക്കുമെന്ന് മാര്‍ക്വേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്‍സാലോ ഗാർഷ്യ ബാര്‍ച്ചയും വ്യക്തമാക്കി. സ്പാനിഷ് ഭാഷയിൽ രചിച്ച കൃതികളില്‍ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ മാര്‍ക്വേസിന്റെതാണ്.